ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച അഞ്ജാത വൈറസായ കൊറോണ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ സൗദിയില്‍ മലയാളി നഴ്സിന് വൈറസ് ബാധ.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.


മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെതന്നെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ ബാധിച്ചിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മലയാളി നഴ്സിലേയ്ക്ക് വൈറസ് ബാധിച്ചതെന്നും അവിടെയുള്ള മറ്റ് മലയാളി നഴ്സുമാര്‍ പറയുന്നു. 


ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്.


വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.


ചൈനയില്‍ ഇതുവരെ 220 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാലു പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 


തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരാകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഇതില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്. 2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് (severe acute respiratory syndrome) എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു.


ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിന്‍റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിനിടയില്‍ ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.