കനത്ത മഴയെത്തുടര്‍ന്ന്‍ മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായാണ് മഞ്ജുവുള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ചിത്രീകരണത്തിന്‍റെ ഭാഗമായി ഇവര്‍ മൂന്നാഴ്ചയായി ഹിമാചലില്‍ ഉണ്ട്. ഇവരോടൊപ്പം ചില വിനോദ സഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലാണ് സംഘമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇവരുടെ കയ്യില്‍ വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഉള്ളത്.


ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ തകരാറിലാണ്. സാറ്റലൈറ്റ്‌ഫോണ്‍ വഴി മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം തന്നെ അറിയുന്നത്.


തുടര്‍ന്ന്‍ മധുവാര്യര്‍ കേന്ദ്ര മന്ത്രി വി.മുരളീധരനെ ധരിപ്പിക്കുകയും, മന്ത്രി ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.  അതിനെ തുടര്‍ന്ന്‍ സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.