ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതിന് പിന്നാലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഉടനെ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരടിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കായലില്‍ വീണ അവശിഷ്ടങ്ങളും ഉടന്‍ നീക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവന്നത് വേദനാജനകമാണെന്നും തീരദേശ നിയമം ലംഘിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നും പറഞ്ഞു.


നഷ്ട പരിഹാരം സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ അപേക്ഷ നല്‍കണമെന്നും നാലാഴ്ച്ചയ്ക്കകം കേസില്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.


മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 


എന്നാല്‍ മരട് ഫ്ലാറ്റ് കേസില്‍ വിധി നടപ്പാക്കുന്ന കാര്യത്തില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാരിനെ സൂപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി വിളിച്ചു വരുത്തുകയും രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വേഗത വന്നത്.  തുടര്‍ന്ന്‍ ഫ്ലാറ്റുകള്‍ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു.


ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനുവരി 11,12 തീയതികളില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. മരടിലെ നാല് ഫ്ലാറ്റുകളും വിജയകരമായി സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 


ഈ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് കേരളത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം വിജയകരമായി പൂര്‍ത്തിയാക്കിയത്.