ന്യൂഡല്‍ഹി: അനധികൃതമായി കെട്ടിപ്പൊക്കിയ മരട് ഫ്ലാറ്റ് പൊളിക്കുന്നതില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്‌ളാറ്റ് പൊളിക്കാന്‍ ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കില്ലെന്നും ഹര്‍ജി നല്‍കിയ അഭിഭാഷക ലില്ലി തോമസ് കോടതിയ്ക്ക് പുറത്തുപോകണമെന്നുമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറഞ്ഞത്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ നടപടി. 


കൂടാതെ, മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു റിട്ട് ഹര്‍ജി പോലും ഇനി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള നിയമം നിങ്ങള്‍ക്കറിയില്ലേ എന്ന് ചോദിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര കോടതി ഉത്തരവ് അന്തിമമാണെന്നും വ്യക്തമാക്കി. 


‘ഒരു ഹര്‍ജി പോലും കേള്‍ക്കില്ല, കേസില്‍ പരമാവധി ക്ഷമിച്ചു. കേസില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? ഇതായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം.


അതേസമയം, സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്. 


വ്യാഴാഴ്ച രാത്രി പത്തുമണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്ളാറ്റുകളില്‍നിന്ന് 250ല്‍ അധികം കുടുംബങ്ങള്‍ ഒഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, നിരവധി കുടുംബങ്ങല്‍ ഇപ്പോഴും ഫ്ളാറ്റുകളില്‍ കഴിയുന്നുണ്ട്. 


അതേസമയം, 50 ഓളം ഫ്ളാറ്റുകളുടെ ഉടമകള്‍ ആരെന്ന് ഇനിയും വ്യക്തമല്ല. ഫ്ളാറ്റുകളുടെ സംരക്ഷകര്‍ക്കും ഉടമകളെപ്പറ്റി ധാരണയില്ല!! ഈ ഫ്ലാറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പ് ഇടപെടുമെന്നാണ് സൂചന.


നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കല്‍ നടത്തില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ ഫ്ളാറ്റുകളുടെയും പരിസരത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.