തിരുവനന്തപുരം : മുസ്ലിം വ്യക്തിനിയമത്തിലെ പിന്തുടര്‍ച്ചാവകാശ നിയമവുമായി  ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ വിവേചനം അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ വാദം കൂടി ഉള്‍പ്പെടുത്തണമെന്ന് ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചന വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാര്‍ ഏതാനും മുസ്ലിം മതപണ്ഡിതന്മാരുടെ യോഗം വിളിക്കുകയും വ്യക്തി നിയമത്തില്‍ കോടതിക്കോ സര്‍ക്കാരിനോ ഇടപെടാന്‍ അധികാരമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായാണ് ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ വിവേചനം അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അവരുടെ  ആശങ്കകള്‍ പരിഗണിച്ച് സുപ്രീം കോടതി മുമ്പാകെ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് നിയമ മന്ത്രി പി. രാജീവനു സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. 


ALSO READ : Kerala Police: ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൽ പോലീസിൽ കൂടുതൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തു


മരണപ്പെട്ട ഒരാളുടെ മകന് കിട്ടുന്നതിന്റെ പകുതി സ്വത്തിനു മാത്രം മകള്‍ക്ക് അവകാശം, ഒരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ ആകെ സ്വത്തിന്റെ പകുതി മാത്രം മകള്‍ക്ക് ബാക്കി അയാളുടെ കുടുംബത്തിലെ പുരുഷന്‍മാര്‍ക്ക്, മക്കളില്ലാതെ മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തിന്റെ 1/4 ഭാഗം മാത്രം ഭാര്യക്ക്, അവിവാഹിതനായ മകന്‍ മരിച്ചാല്‍ പിതാവിന് 5/6ഭാഗവും മാതാവിന് 1/6 ഭാഗവും, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് അവകാശപ്പെട്ട സ്വത്ത് അയാളുടെ മക്കള്‍ക്ക് നിഷേധിക്കല്‍ തുടങ്ങി നിരവധി അപാകതകളും സ്ത്രീ വിവേചനങ്ങളും നിറഞ്ഞതാണ് മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമെന്നും അവർ ചൂണ്ടിക്കാട്ടി.


പല മുസ്ലിം രാജ്യങ്ങളും പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഗോവയില്‍ ഏകീകൃത സിവില്‍ നിയമമാണ്. ലക്ഷദ്വീപിലെ പിന്തുടര്‍ച്ചാവകാശ നിയമവും വ്യത്യസ്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21, 25 ഉറപ്പ് തരുന്ന അവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്കും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും ഫോറം നിവേദനം നല്‍കി.


മുസ്ലിം സ്ത്രീകളില്‍ ബോധവല്‍ക്കരണം നടത്താനും ഒപ്പുശേഖരണം നടത്തി ദേശീയതലത്തില്‍ പ്രധാനമന്ത്രി, നിയമ മന്ത്രി, വനിതാ കമ്മീഷന്‍, നിയമ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പേഴ്‌സണല്‍ ലോ ബോര്‍ഡ്, ദേശീയ രാഷ്ട്രീയ നേതൃത്വങ്ങള്‍ എന്നിര്‍ക്കെല്ലാം സംഘടന നിവേദനം നല്‍കും. വി. പി. സുഹറ, ഡോക്ടര്‍ ഖദീജാ മുംതാസ് ,കെ അജിത, എം സുല്‍ഫത്ത്,  നെജു ഇസ്മയില്‍., പ്രൊഫ.കുസുമം ജോസഫ് സഫിയ എം . കെ ,മുംതാസ് ടി.എം. , നസീമ ,ബള്‍ക്കീസ് ബാനുഎന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്‌



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.