കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. എല്ലാ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ തിങ്കളാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.


ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടര്‍ന്നതും മൂലം വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. 


പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ചുറ്റുമതില്‍ രണ്ടരകിലോമീറ്റര്‍ നീളത്തില്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങളും ഏപ്രണ്‍ ലോഞ്ചുകളും റണ്‍വേയും ശുചീകരിച്ചു. സിയാല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൊച്ചി നേവല്‍ ബെയ്‌സില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ അവസാനിക്കും.