തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നുമാത്രം മരിച്ചത് 9 പേര്‍. കോട്ടയം ജില്ലയില്‍ മാത്രം 3 പേര്‍ മരിച്ചു. കോട്ടയത്ത്‌ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ ഷിബു അധികാരിയുടെ മൃതദേഹമാണ് നാഗമ്പടം ക്ഷേത്രത്തിനു സമീപം വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം ജില്ലയില്‍ മരം തലയില്‍ വീണ് മധ്യവയസ്ക്കന്‍ മരിച്ചു. ചവറ സ്വദേശി ബെനഡിക്റ്റ് ആണ് മരിച്ചത്. തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടു.


കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ടയില്‍ 54 വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ദുരിത ബാധിതര്‍ക്കായി ക്യാമ്പ് തുറന്നിട്ടുണ്ട്.


മധ്യകേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നും കേരളാ ലക്ഷദ്വീപ് തീരപ്രദേശത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 70 കി.മീ വേഗതയില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.