കോഴിക്കോട്:  നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ, പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും. നിപാ വൈറസ് ലക്ഷണങ്ങളോടെ നാല് പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികില്‍സ തേടി. രോഗികളുമായി ബന്ധമുളള 958 പേര്‍ വീടുകളിൽ നിരീക്ഷണത്തിലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിപാ വൈറസ് ആദ്യം സ്ഥിരീകരിച്ച വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയ ഷഠ്പദഭോജികളായ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നുളള സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത്. 


ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന. അതിനിടെ കഴിഞ്ഞ ദിവസം പുറത്തു വന്ന 48 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപാ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച നഴ്സ് ലിനിയുടെ കുട്ടികള്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.


വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടാനായി മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധരായി 40 ഡ്രൈവര്‍മാരടങ്ങുന്ന ടീമിന് രൂപം നല്‍കി. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ആശങ്കയകറ്റാനായി ബോധവല്‍ക്കരണ പരിപാടിയും നടത്തി.