കൊടിയത്തൂരില്‍ വവ്വാലുകളെ കണ്ടെത്തിയ കിണര്‍ വലയിട്ട് മൂടി
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കിണര്‍ മൂടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തില്‍ വവ്വാലുകള്‍ കണ്ടെത്തിയ കിണര്‍ വലയിട്ട് മൂടി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കിണര്‍ മൂടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
കോഴിക്കോട് നിപാ വൈറസ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വവ്വാലുകള്‍ ഉള്ള കിണറുകളില്‍ നിന്ന് വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. കൊടിയത്തൂര്‍ ഗോതമ്പ റോഡിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ഫ്ലാറ്റുകളുള്ള കോമ്പൗഡിനുള്ളിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇക്കാര്യം ഇവിടെ താമസിക്കുന്നവര്‍ കെട്ടിട ഉടമയെ അറിയിച്ചിരുന്നു.
വവ്വാലുകളെ തുരത്തിയെങ്കിലും അവയുടെ സ്രവങ്ങള്‍ വെള്ളത്തിലുണ്ടാവാമെന്ന സംശയത്തെ തുടര്‍ന്നാണ് കിണര്‍ മൂടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. ഈ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിച്ചവര്‍ ഭീതിയിലാണ്. എന്നാല്‍ ഇതുവരെ ആര്‍ക്കും നിപാ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.