ആലപ്പുഴ:ഇനിയൊരു ജിഷ ഇവിടെയുണ്ടാകരുതെന്ന്  പൊലീസ് നയം വ്യക്തമാക്കിക്കൊണ്ട്  നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരുനടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനില ഭദ്രമാക്കും..വികസനം തടയുന്നവര്‍ക്കും പിണറായി മുന്നറിയിപ്പ് നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കും. കയ്യൂക്കുകൊണ്ട് കാര്യം നേടാന്‍ ശ്രമിച്ചാല്‍ ഫലം അനുഭവിക്കും. അത്തരം കാര്യങ്ങള്‍ക്ക് തുനിയാതിരിക്കുന്നതാണ് നല്ല ബന്ധത്തിനു നല്ലതെന്നും പിണറായി പറഞ്ഞു. ആലപ്പുഴ വയലാറിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതികാരമല്ല പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വ്യക്തമാക്കി!. 


നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചു. ഈ സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്ക്കുക. കാലാനുസൃതമായ വികസനം, സ്ത്രീസുരക്ഷ എന്നിവയെ ലക്ഷ്യം വയ്ക്കുന്നതും, അതേസമയം വിലക്കയറ്റത്തിനും വര്‍ഗീയ ശക്തികള്‍ക്കുമെതിരായിട്ടുള്ളതുമായ ജനവിധിയാണിതെന്നു പിണറായി ചൂണ്ടിക്കാട്ടി.പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാര്‍ വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉച്ചയ്ക്കു പിണറായി വിജയന്‍ ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയെ സന്ദര്‍ശിച്ചു സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു.