തിരുവനന്തപുരം: ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട ആരോപണത്തെ ന്യായീകരിച്ച് ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.


തനിക്കെതിരെ അഴിമതി തെളിയിക്കാന്‍ സാദ്ധ്യമല്ല. മാര്‍ത്താണ്ഡം കായലില്‍ നികത്തിയത് രേഖകളുള്ള കരഭൂമിയാണ്. താല്‍ക്കാലികമായാണ് മണ്ണിട്ട് നികത്തിയത്. അല്ലാതെ ഒരു സെന്റ്‌ ഭൂമി പോലും നികത്തിയിട്ടില്ലെന്ന് തോമസ്‌ ചാണ്ടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വേണമെങ്കില്‍ ഭൂമി സര്‍ക്കാരിന് സൗജന്യമായി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും സൂചിപ്പിച്ചു.


രാജി വെയ്ക്കേണ്ട ആവശ്യമില്ല, അതിന് സാദ്ധ്യതയുമില്ല, തനിക്കെതിരെ നടക്കുന്നത് ഗൂഡാലോചനയാണെന്നും മന്ത്രി പറഞ്ഞു.


മാത്തൂര്‍ ദേവസ്വം ഭൂമിയെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ദേവസ്വവുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കളത്തില്‍ കുടുംബത്തില്‍ നിന്നാണ് ആ ഭൂമി വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.


ആലപ്പുഴയില്‍ ഏഷ്യാനെറ്റ്‌ ന്യൂസിന്‍റെ ഓഫീസ്‌ തകര്‍ത്തതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും, തേര്‍ഡ് ക്ലാസ്സ്‌ കാര്യങ്ങള്‍ അറിയേണ്ടുന്ന ആവശ്യവുമില്ലെന്നും മന്ത്രി പ്രതികരിച്ചു.


തനിക്കെതിരെ ഉണ്ടായ എല്ലാ ആരോപണങ്ങളും തോമസ്‌ ചാണ്ടി നിഷേധിച്ചു. കേസ് കോടതിയിലായാതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും തോമസ്‌ ചാണ്ടി വ്യക്തമാക്കി.