തിരുവല്ല: രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ലെന്നും ആരോടും സീറ്റ് ആവശ്യപ്പെട്ടില്ലെന്നും വാര്‍ത്ത‍ സമ്മേളനത്തില്‍ പറഞ്ഞു. 


ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ അജണ്ട മറ്റുള്ളവരെ വെച്ച്‌ നടപ്പാക്കി. അതിന് യു.ഡി.എഫിലെ യുവനേതാക്കളെ ഉപയോഗിച്ചു. 2005ല്‍ സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണ്. ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പി.ജെ. കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. 


നിലവിലെ സംഭവ വികാസത്തില്‍ തന്‍റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറഞ്ഞു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ച്‌ സംസാരിച്ചില്ലെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


അതേസമയം, പി.ജെ. കുര്യന്‍ എം.പിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.ജെ. കുര്യന്‍റെ വീട്ടിലെത്തിയിരുന്നു. ഉച്ചക്ക് 1.45ഓടെ തിരുവല്ല വെണ്ണികുളത്തെ വീട്ടിലെത്തിയ ചെന്നിത്തല അടച്ചിട്ട മുറിയില്‍ കുര്യനുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച 15 മിനിട്ട് നീണ്ടു നിന്നു. 


അതേസമയം, സൗഹൃദ സന്ദര്‍ശനമാണ് നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും കുര്യന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ മുഖ്യപങ്ക് ചെന്നിത്തലയ്ക്കല്ലെന്നും അത് മറ്റു ചിലരുടെ തീരുമാനമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ നേതാക്കള്‍ പുറത്തു വിട്ടില്ല. 


രാജ്യസഭാ ഉപധ്യക്ഷനായ പി ജെ കുര്യന്‍ രാജ്യസഭാ സീറ്റിലേയ്ക്ക് വീണ്ടും മല്‍സരിക്കാന്‍ നടത്തിയ ശ്രമം കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ വന്‍ പ്രതിഷേതത്തിനു വഴിതെളിച്ചിരുന്നു. കുര്യനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു.