കോട്ടയം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും വിവാദത്തിനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. എന്താണ് എങ്ങനെയാെണന്ന് അവര്‍ക്ക് നന്നായി അറിയാം. ഞാനേതായാലും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


കണ്ണൂര്‍ വിമാനത്താവളം എന്നത് കേരളത്തിന്‍റെ വികസനത്തിന്‍റെ പുതിയ തലമാണ്. 2017ല്‍ തന്നെ ഉദ്ഘാടനം നടത്താനായി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഐഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുള്ള നിസഹകരണം വിമാനത്താവളത്തിന്‍റെ വര്‍ക്ക് ഷെഡ്യൂളില്‍ താമസം വരുത്തി. 


എന്നിട്ടും റണ്‍വേയുടെ പണി നൂറ് ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെര്‍മിനലിന്‍റെ പണി മാത്രമായിരുന്നു. അതും 80 ശതമാനം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂര്‍ വിമാനത്താളം യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്ന്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.


അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തതോടായാണ് വികസനക്കുതിപ്പിന് മട്ടന്നൂരില്‍ തുടക്കമായത്. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 


ആയിരങ്ങളെത്തിയ ചടങ്ങില്‍ വിവിധ കലാപരിപാടിരളും ഒരുക്കിയിരുന്നു. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസ് കിയാല്‍ തയ്യാറാക്കിയിരുന്നു. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി ജയരാജന്‍ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇന്ന് രാവിലെ പത്തേകാലോടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്രാവിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നത്.