കോട്ടയം: ഒരു മാസത്തെ പ്രചാരണങ്ങള്‍ക്ക് ശേഷം പാലാ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. 27 നാണ് വോട്ടെണ്ണൽ. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിച്ചിട്ടുണ്ട്.


ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 87,729 പുരുഷന്മാരും 91,378 സ്ത്രീകളും ഉള്‍പ്പെടുന്നു. 


1965 മുതല്‍ 13 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 


മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥിയായും ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുതലാണ്.


അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.


അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. 


നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതു കാരണം ഇപ്രാവശ്യം കള്ളവോട്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.