തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ പോയത് വൈദ്യപരിശോധനയ്ക്കാണെന്നും എല്ലാ ദിവസവും അദ്ദേഹം തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യമായാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഔദ്യോഗികപ്രതികരണമുണ്ടാകുന്നത്. സംസ്ഥാനത്ത് ഒരു ഭരണസ്തംഭനവുമില്ല. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. ആക്ഷേപിക്കേണ്ടവര്‍ക്ക് ആക്ഷേപിക്കാം. ബുധനാഴ്ച മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചതാണ്. 


ജില്ലകളിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം പുറത്തായതിനാലാണ് ചേരാന്‍ സാധിക്കാതിരുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി മടങ്ങിയെത്താന്‍ വൈകിയാലും അടുത്തുതന്നെ മന്ത്രിസഭായോഗം ചേരും. മാത്രമല്ല മന്ത്രിസഭ ചേരേണ്ട അടിയന്തരവിഷയമുണ്ടായാല്‍ ഉടന്‍ ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


19ന് മന്ത്രിസഭായോഗം ചേരുമോ എന്ന ചോദ്യത്തിന്, അന്നത്തേക്ക് എന്തായാലും താന്‍ വിളിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്‍റെ മറുപടി. മുതിര്‍ന്ന മന്ത്രിമാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് മന്ത്രിസഭ ചേരാന്‍ സാധിക്കാത്തതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇതൊക്കെ പണ്ടുനടന്നതല്ലേ, അതൊക്കെ മനസ്സില്‍ തികട്ടിവരുന്നതാണ്. അതുപോലെയാണ് ഇന്നും നടക്കുന്നതെന്ന് കരുതുന്നതിനാലാണെന്നും അദ്ദേഹം മറുപടി നല്‍കി.