Brahmapuram Fire: ബ്രഹ്മപുരത്ത് അട്ടിമറി? ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടൽ ശക്തമാക്കിയ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്. തീപിടിത്തമുണ്ടായ സമയത്ത് പ്ലാൻ്റിൽ ഉണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. പോലീസ് ചോദ്യം ചെയ്തവരിൽ മാലിന്യ സംസ്കരണത്തിന് കരാറെടുത്ത സോൺടയുടെ ജീവനക്കാരുമുണ്ട്.
തീപിടിത്തമുണ്ടായ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്നതിൻ്റെ ഭാഗമായുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. എന്നാൽ, ഇതുവരെ അട്ടിമറി നടന്നതിൻ്റെ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ശക്തമായ ഇടപെടൽ നടത്തുന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
ALSO READ: 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല: നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസ് എടുത്തിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ, തീപിടിത്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ ക്രിമിനൽ വകുപ്പുതല നടപടി വേണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആവശ്യമാണ്. രണ്ട് മാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നും ഉത്തരവിൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യ പ്ലാൻ്റിലെ തീപിടിത്തത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കൊച്ചി കോർപ്പറേഷന് 100 കോടി രൂപയാണ് ദേശീയ ഹരിത ട്രിബ്യൂണൽ പിഴയായി ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നാണ് ട്രിബ്യൂണലിൻറെ ഉത്തരവ്. പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം. ദുരന്തം മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ തുക ഉപയോഗിക്കണമെന്നും ബ്രഹ്മപുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും നിർദ്ദേശിച്ച ട്രിബ്യൂണൽ തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ 100 കോടി പിഴ അടയ്ക്കാനാകില്ലെന്ന് കൊച്ചി മേയർ എം.അനിൽ കുമാർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ലെന്നാണ് കോർപ്പറേഷൻ്റെ നിലപാട്. ട്രിബ്യൂണൽ വിശദമായ വാദം കേട്ടിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...