ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയർ എം.അനിൽ കുമാർ. നിലവിലെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. ട്രിബ്യൂണൽ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ കാര്യങ്ങൾ നിയമ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് അനിൽ കുമാർ പറഞ്ഞു. 2012 മുതൽ നിലവിലുള്ള പ്ലാൻറിൻറെ അപര്യാപ്തത ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കോർപ്പറേഷൻ പാലിക്കും. പരസ്പരം പഴി ചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേയ്ക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദിത്തപരമായും ചെയ്യുമെന്നും മേയർ കൂട്ടിച്ചേർത്തു.
READ ALSO: ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി. പിഴയായി ചുമത്തിയ 100 കോടി രൂപ ഒരു മാസത്തിനുള്ളിൽ അടയ്ക്കണമെന്നാണ് ട്രിബ്യൂണലിൻറെ ഉത്തരവ്. വായുവിൽ മാരകമായ വിഷ പദാർഥങ്ങൾ കണ്ടെത്തിയെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി. പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം. ദുരന്തം മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ തുക ഉപയോഗിക്കണമെന്നും ബ്രഹ്മപുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
നേരത്തെ, ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. മാലിന്യ പ്ലാന്റിന്റെ തീപിടിത്തം സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയാണെന്നായിരുന്നു ട്രിബ്യൂണലിൻറെ വിമർശനം. തുടർന്ന്, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തും, തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...