കണ്ണൂര്‍: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായ വ്യാജ ട്വിറ്റെര്‍ വീഡിയോ കേസ് അന്വേഷണം പോലീസ് അവസാനിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വധത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടനം നടത്തുന്നുവെന്ന രീതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തതാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ദൃശ്യത്തിന്‍റെ ആധികാരികത വ്യക്തമാക്കാന്‍ ആയിട്ടില്ലെന്നു പറഞ്ഞാണ് ഇപ്പോള്‍ കേസ് പോലീസ് അവസാനിപ്പിച്ചിരിക്കുന്നത്.


കഴിഞ്ഞ മെയ് 12ന് പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട ദിവസമാണ് കുമ്മനം വ്യാജ വീഡിയോ ട്വീറ്റ് ചെയ്തത്. സംഭവം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും വലിയ വിവാദമാവുകയും ചെയ്തു. 


എന്നാല്‍ ഇതു വ്യാജമാണെന്നു കണ്ടെത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. എസ്എഫ് ഐ ജില്ല സെക്രട്ടറി മുഹമ്മദ്‌ സിറാജ് ആണ് കുമ്മനത്തിനെതിരെ കണ്ണൂര്‍ ടൌണ്‍ പോലീസില്‍ പരാതി നലികിയത്. അതോടൊപ്പം തന്നെ സിറാജ് മുഖ്യമന്ത്രി പിണറായി വിജയനും പരാതി  നല്‍കിയിരുന്നു.


പരാതിയെ തുടര്‍ന്ന് ഡിജിപി സെന്‍ കുമാര്‍ കണ്ണൂര്‍ എസ് പി ശിവ വിക്രത്തിനെ വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. കേസിന്‍റെ ഭാഗമായി പോലീസ് കുമ്മനത്തിന്‍റെ മൊഴിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്നും എന്നാല്‍ സി.പി.എം എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് ഉപയോഗിച്ചതെന്നും കുമ്മനം മൊഴി നല്‍കിയിരുന്നു.