തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേയും പ്രതിനിധികളുടേയും പരാതിയെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.


സംസ്ഥാനത്ത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുകയാണെന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ ആരോപിച്ചു.


കുമ്മനം രാജശേഖരനൊപ്പം ഒ. രാജഗോപാല്‍ എംഎല്‍എയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ബിജെപി നേതാക്കള്‍ നല്‍കിയ പരാതി മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.


അതേസമയം ഗവര്‍ണറെ സന്ദര്‍ശിച്ചത് നീതി തേടിയാണെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും, എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.