തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ജില്ലാ പഞ്ചായത്ത് ഭരണം നിര്‍ണയിക്കുന്നതാവും ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപി യുടെ സിറ്റിങ്ങ് സീറ്റിലെ മത്സരവും നിര്‍ണായകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. അതിനാല്‍ ഇവിടുത്തെ വിജയം ഭരണത്തില്‍ നിര്‍ണായകമാണ്.


തിരുവനന്തപുരത്തെ പാപ്പനംകോട് വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇരുമുന്നണികളേക്കാളും ബിജെപിക്കാണ് നിര്‍ണായകം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. ഇവിടെ വിജയം ആവര്‍ത്തിക്കേണ്ടത് പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നമാണ്.