തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് എന്താണ് പറ്റുന്നതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ചോയെന്ന രമേഷ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.


'നേരത്തെ എല്ലാം പഠിച്ച് കാര്യം പറയുന്ന ആളായിരുന്നു അദ്ദേഹം. വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമാകില്ല എന്ന് ആരോ അദ്ദേഹത്തെ ഉപദേശിച്ചതുപോലെയുണ്ട്. വിമര്‍ശനം ഉന്നയിക്കാനായി മാത്രമാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം'- മുഖ്യമന്ത്രി പറഞ്ഞു.


പൊതുപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി നിലപാടുവേണമെന്നും ഓഖി ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല എന്നും ഇനി ഉപയോഗിക്കുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഓഖി ദുരന്തത്തില്‍ 107 കോടി രൂപയുടെ ഫണ്ടാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയ പിണറായി, ഇതില്‍ 65.68 കോടിരൂപ ചെലവഴിച്ചതായി സൂചിപ്പിച്ചു. 84.90 കോടി രൂപ ചെലവുവരുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 


കേന്ദ്ര ഫണ്ട് അടക്കം 201.69 കോടിരൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു പൈസപോലും മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.