തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ICUൽ പ്രവേശിപ്പിച്ച വൃക്ക രോഗിയെ എലി കടിച്ചു; അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട്
Thiruvananthapuram Medical College Rat Bite ചികിത്സക്കായി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വൃക്ക രോഗിയുടെ കാലിലാണ് എലി കടിച്ചത്
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയുടെ കാലിൽ എലി കടിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സർവേഷനിൽ കഴിയുകയായിരുന്ന പൗഡിക്കോണം സ്വദേശി എസ്.ഗിരിജ കുമാരി(56) ന്റെ ഇടതു കാലിന്റെ രണ്ടു വിരലിലാണ് എലി കടിച്ചത്. രണ്ടു വിരലുകൾക്കു സാരമായി പരിക്കേറ്റു. വൃക്ക രോഗത്തെ തുടർന്ന് നീര് വന്ന കാലിലാണ് കടിയേറ്റത്. ഡിസംബർ 31ന് രാത്രിയിലാണ് സംഭവം നടക്കുന്നത്.
ഐസിയുവിൽ തണുപ്പായതിനാൽ കാലിൽ ഷീറ്റ് ഉപയോഗിച്ച് കാൽ മൂടിയിരുന്നു. എന്നാൽ അതിനിടയിൽ കൂടി കയറിയാണ് എലി ഗിരിജകുമാരിയുടെ കാലിൽ കടിച്ചത്. കാലിൽ നിന്നും രക്തം ഒഴുകുന്നത് കണ്ട് രോഗിയുടെ മകൾ രശ്മി നോക്കുമ്പോൾ എലി കടിച്ച് കൊണ്ടിരിക്കുന്നതാണ് കണ്ടത്.
തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുനെന്നും മകൾ രശ്മി പറഞ്ഞു. പിന്നീട് രോഗിയെ മെഡിസിൻ വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകി. അർധ രാത്രി ഒരു മണിയോടെ പ്രതിരോധ കുത്തിവയ്പ് എടുത്ത് രോഗി വിട്ടയക്കുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിലും വാർഡുകളിലും എലി ശല്യം രൂക്ഷമാണ്. ആശുപത്രിയിലെ വൃത്തി ക്കുറവാണ് എലിയുടെയും ഇഴ ജന്തുക്കളുടെയും താവളമാകാൻ കാരണം. ജീവനക്കാരുടെ ഭാഗത്തുനിന്നും മോശമായ അനുഭവം ഉണ്ടായെന്ന് രശ്മി പറഞ്ഞു. ഇതിനെതിരെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകുമെന്നും രശ്മി അറിയിച്ചു. എന്നാൽ രോഗിയെ എലി കടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് നിസാറുദ്ദീൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...