കണ്ണൂര്‍: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കണ്ണൂര്‍ കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടത്തുന്നത്. 


കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് ബൂത്തുകളിലാണ് റീപോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക.  


റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചു. പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യുന്നതിനെ ച്ചൊല്ലി എം വി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമായതിന് തൊട്ടു പിന്നാലെയാണ് കമ്മീഷന്‍റെ നടപടി. 


റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടേയും റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനൊരു തീരുമാനം എടുത്തത്.