ന്യൂഡൽഹി: എസ്. ഹരീഷ് എഴുതിയ ഏറെ വിവാദമായ 'മീശ' എന്ന നോവൽ ഡിസി ബുക്സ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കേ നോവൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്നും ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും അഭിഭാഷകർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെടും. 


മീശ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ കോപ്പികൾ പിടിച്ചെടുക്കുകയും ഇന്‍റർനെറ്റിലൂടെ പ്രചരിക്കുന്നത് തടയുകയും ചെയ്യണം. സമൂഹത്തിന്‍റെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സൃഷ്ടികൾ തടയുന്നതിന് ഉള്ള മാർഗ്ഗരേഖകൾ ഉണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


മീശയ്‌ക്കെതിരായ സംഘപരിവാര്‍ ഭീഷണകളും തുടര്‍ന്നുള്ള വിവാദങ്ങളും സജീവമായിരിക്കേ നോവല്‍ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്‌സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.


ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് ഡിസി ബുക്സ് അറിയിച്ചത്. പുസ്തകത്തിന്റെ കവര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ഫേസ്ബുക്കിലൂടെ പുറത്തുവന്നു. 


ഇതിന് പിന്നാലെയാണ് ഡൽഹി മലയാളിയായ രാധാകൃഷ്ണൻ വണെരിക്കല്‍ മീശയ്ക്ക് എതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തിൽ പോകുന്ന സ്ത്രീകളെ തെറ്റായും നോവലിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.