പത്തനംതിട്ട: കേരള പൊതുസമൂഹത്തെ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് ശബരിമല കര്‍മ്മ സമിതി. യുവതീ പ്രവേശനത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉണ്ടാകുമെന്നും പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും ശബരിമല കര്‍മ്മ സമിതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തില്‍ യുവതികളെ കയറാന്‍ പൊലീസ് സഹായിച്ചത് ശരിയായില്ലെന്ന് അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. രഹസ്യമായി സ്ത്രീകള്‍ വന്നത് കൊണ്ടാണ് പ്രതിഷേധിക്കാന്‍ കഴിയാതെ പോയതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


‘ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയടക്കം ശബരിമലയെ പിന്തുണച്ചു കൊണ്ടും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണത്തെ പിന്തുണച്ചു കൊണ്ടും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. രാജ്യത്തിന്‍റെ  തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നിലപാടറിയിച്ച വിഷയത്തില്‍ ഒരു കാരണവശാലും പൊലീസ് സഹായിച്ചത് ശരിയായില്ല. യുവതീ പ്രവേശനം കേരള സര്‍ക്കാര്‍ കൂട്ടുനിന്ന നാടകമാണെങ്കില്‍ ദൗര്‍ഭാഗ്യകരമായി. ദേവപ്രശ്‌നം നടത്തണം’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂടാതെ, സ്ത്രീകള്‍ വരുന്നത് അറിയാനായില്ലെങ്കില്‍ ഇന്‍റലിജന്‍സ് എന്ന സംവിധാനം എന്തിനാണെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ഈ പ്രശ്നത്തില്‍ സംഘടിതമായ പ്രതികരണമുണ്ടാവുമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.
 
ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയത് മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു‍. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല. എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.


നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.