ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസ് വിശാല ബെഞ്ചിന് വിട്ടത് ചട്ടവിരുദ്ധമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശാല ബഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലയെന്നും വിശാല ബഞ്ച് നിലനിൽക്കുമെന്നും കോടതി പ്രസ്താവിച്ചു.  ഇത് സംബന്ധിച്ച എല്ലാ എതിര്‍പ്പുകളും ചീഫ് ജസ്റ്റിസ്‌ എസ്.എ.ബോബ്ഡെ തള്ളി.


ഇത് റിവ്യൂ ഹർജി ആണെങ്കിലും നിയമപരമായ ചോദ്യങ്ങൾ ഈ വിഷയത്തിൽ ഉന്നയിക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.


ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചിരുന്നു.  മത്രമല്ല  പുനഃപരിശോധന ഹര്‍ജികളില്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണമെന്നും നരിമാന്‍ ആവശ്യപ്പെട്ടിരുന്നു.


നരിമാന്‍റെ വാദത്തെ കേരള സര്‍ക്കാരും പിന്തുണച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. 


കൂടാതെ വാദങ്ങളും എതിര്‍ വാദങ്ങളും നിശ്ചിത സമയത്തിനകം തീരുമാനിക്കണമെന്നും ആരൊക്കെ മുഖ്യവാദങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. രണ്ട് വിഭാഗമായി കേസ് പരിഗണിക്കും.


മാത്രമല്ല ശബരിമല വിഷയത്തിൽ എന്തൊക്കെ കാര്യങ്ങൾ വിശാല ബഞ്ച് പരിഗണിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തു എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.


വിശാലബെഞ്ച് പരിഗണിക്കുന്നത് ഏഴ് പരിഗണന വിഷയങ്ങളായിരിക്കുമെന്നും ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്‍റെ പരിധി എന്താണ് എന്നതായിരിക്കും അതിലെ ആദ്യത്തെ പരിഗണനാ വിഷയമെന്നും സുപ്രീം കോടതി അറിയിച്ചു.


ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്‍റെ പരിധി എന്താണ്?


ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തില്‍ പറയുന്ന ‘മൊറാലിറ്റി’ യുടെ അര്‍ത്ഥം എന്താണ്?


അനുഛേദം 25 നല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ?


മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങള്‍ക്കുള്ള സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധമെന്താണ്‌? ഇങ്ങനെയുള്ള ഏഴ് ചോദ്യങ്ങളാണ് പരിഗണന വിഷയങ്ങള്‍. ഈ മാസം 17 ന് കേസില്‍ വാദം തുടങ്ങും.