തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി-ആർ.എസ്​.എസ് പ്രവര്‍ത്തകര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

തലസ്ഥാനത്ത്​ ബി.ജെ.പി സമരപന്തലിന്​ സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക്​ തള്ളിക്കയറാനുള്ള ശ്രമവും നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. 


പ്രതിഷേധ പ്രകടനം നടത്തിയവര്‍ വരുന്ന വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നിരുന്നത്. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൂടാതെ, വാര്‍ത്ത‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൊല്ലത്തും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. കൊട്ടാരക്കര, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ദേവസ്വം ഓഫീസുകള്‍ അടപ്പിച്ചു. കൊച്ചി കച്ചേരിപ്പടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധം തുടരുകയാണ്. മാവേലിക്കര താലൂക്ക് ഓഫീസില്‍ പ്രതിഷേധക്കാര്‍ കസേരകള്‍ തകര്‍ത്തു.


നെയ്യാറ്റിൻക്കരയിൽ ആലുംമുട്ടിൽ റോഡ് ഉപരോധം നടക്കുകയാണ്. കർമസമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് റോഡ് ഉപരോധിക്കുന്നത്.  കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടക്കുകയാണ്. കലൂർ മുതൽ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൊല്ലം പരവൂരിൽ ബിജെപി പ്രവർത്തകർ നിർബിന്ധിച്ച് കടകൾ അടപ്പിച്ച് ഹർത്താലിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.