ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിത ജ‍ഡ്‍ജിമാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ പ്രമുഖരെ ഉള്‍പ്പെടുത്തി പ്രത്യേക ജൂറിയെ നിയമിക്കാനും ഹര്‍ജി ആവശ്യപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഒക്ടോബര്‍ 13ന് ഉത്തരവിട്ടിരുന്നു. ഈ ബെഞ്ചിലെ ‍ജ‍ഡ്ജിമാരില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി. സ്ത്രീകളെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ വനിത ജഡ്ജിമാരുള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 


ശബരിമലയില്‍ പ്രായഭേദ്യമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് വിഷയം സുപ്രീംകോടതിയില്‍ എത്തിച്ചത്. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ദേവസ്വംബോര്‍ഡ് സ്വീകരിച്ചത്.


1965-ലെ കേരള പൊതു ഹിന്ദു ആരാധനാലയ (പ്രവേശനാധികാര) ചട്ടത്തിലെ മൂന്ന് (ബി) വകുപ്പുപ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഈ ചട്ടത്തെ ചോദ്യംചെയ്താണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.