കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സാജന്‍റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്‍റെ പ്രവര്‍ത്തനാനുമതിക്കായി അദ്ദേഹത്തിന്‍റെ കുടുംബം നഗരസഭയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരസഭ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാനാണ് സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തും. 


നാലു പിഴവുകളാണ് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്ത്വത്തിലുള്ള സംഘം നേരത്തെ കണ്ടെത്തിയത്. ഇതില്‍ മൂന്നു പോരായ്മകള്‍ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് കണ്‍വെന്‍ഷന്‍ സെന്‍ററിന് പുറത്ത് തുറസ്സായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചതാണ്. ഇക്കാര്യത്തില്‍ ഇളവ് തേടിക്കൊണ്ട് മന്ത്രി എസി മൊയ്ദീന് കുടുംബം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 


തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. കണ്‍വെന്‍ഷന്‍ സെന്ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്നു നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാമെന്നായിരുന്നു നിര്‍ദ്ദേശം. 


അസിസ്റ്റന്റ് ചീഫ് ടൗണ്‍ പ്ലാനറുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.


ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്‍റെ മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തത്. 


നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ഒടുവില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് കെട്ടിടത്തിന് അധികൃതര്‍ അനുമതി നല്‍കാമെന്ന നിര്‍ദ്ദേശം നല്‍കിയത്.