ന്യൂഡല്‍ഹി: അനാവശ്യ പരാതികള്‍ നല്‍കി തന്‍റെ മൗലികാവകാശം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ അഭിനേത്രി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനത്തിലെ വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി നിരവധി കേസുകള്‍ പ്രിയ വാര്യര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.


40 വര്‍ഷമായി കേരളത്തിലെ മലബാര്‍ മേഖലയില്‍ പാടിവരുന്ന മാപ്പിളപ്പാട്ടാണെന്നും. ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ലയെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ട് റാസ അക്കാദമി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. 'മാണിക്യമലരായ പൂവി' എന്ന ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഹൈദരാബാദില്‍ ഒരു സംഘം യുവാക്കളും പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരായി പരാതി നല്‍കിയിരുന്നു.  ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട പ്രിയയുടെ കണ്ണിറുക്കല്‍ യുട്യൂബില്‍ വമ്പന്‍ ഹിറ്റായതിനെത്തുടര്‍ന്നാണ് വിവാദങ്ങളും സജീവമായത്.