കോഴിക്കോട്: പൗരത്വ സമരത്തിൽ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐയെപ്പോലുള്ളവർ നുഴഞ്ഞുകയറുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ എസ്.ഡി.പി.ഐ രംഗത്തെത്തി. മുസ്ലീം സമുദായത്തിന്റെ സംരക്ഷകർ താനാണെന്ന് വരുത്തിത്തീർക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസ്ലിം സമുദായം പിണറായി വിജയന്റെ കെണിയിൽ വീണുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് വാർത്താ സമ്മളനത്തിൽ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല വിഷയത്തിൽ നവോത്ഥാന നായകനാവാൻ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകാൻ താൻ മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൗരത്വ വിഷയത്തിൽ അക്രമസമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏതെങ്കിലും എസ്.ഡി.പി.ഐക്കാരനെ കാണിച്ചുതരാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.എവിടെയാണ് എസ്ഡിപിഐ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റിലായതെന്നും എവിടെയാണ് നുഴഞ്ഞുകയറിയതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


എസ്.ഡി.പി.ഐയുടെ പിന്നിൽ ജനങ്ങൾ അണിനിരക്കുന്നുവെന്ന് കണ്ടതിൽ വിറളി പിടിച്ചിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിളിച്ചുപറയുന്നത്. സിപിഎം തിട്ടൂരം പുറപ്പെടുവിച്ച് എസ്ഡിപിഐ യെ സമരമുഖത്തുനിന്ന് മാറ്റിനിർത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. മുഖ്യമന്ത്രി അമിത് ഷാ ആവാൻ ശ്രമിക്കുകയാണെന്നും അബ്ദുൾ ഹമീദ് പറഞ്ഞു.