തിരുവനന്തപുരം: മത്സ്യബന്ധനത്തിന് വിഴിഞ്ഞത്ത്‌ നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ്പേരെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയും കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നുപേരെയുമാണ്‌ കാണാതായത്. 


തീരനിരീക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 


ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്‍റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. 


പക്ഷെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വള്ളത്തിന്‍റെ ഉടമ തീരദേശ പൊലീസിനെയും മറൈണ്‍ എന്‍ഫോഴ്‌സ്മെന്റിനെയും വിവരം അറിയിക്കുകയായിരുന്നു. 


വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാര്‍ളി 441 എന്ന പെട്രോള്‍ ബോട്ടും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. 


ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.