തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്രചാരണരംഗത്ത് നാളെ മുതല്‍ സജീവമാകുമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാർലമെന്‍ററി കമ്മറ്റിയുടെ യോഗമുളളതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്നും ശനിയാഴ്ച മുതൽ പ്രചരണത്തിനിറങ്ങുമെന്നും മോഹന്‍കുമാറിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും തരൂർ പറഞ്ഞു. വട്ടിയൂർക്കാവിൽ പ്രചരണത്തിൽ നേതാക്കള്‍ സജീവമല്ലെന്ന ആരോപണത്തിന് വിശദീകരണ൦ നല്‍കുകയായിരുന്നു ശശി തരൂർ എംപി. 


പാലായിലെ തിരഞ്ഞെടുപ്പ് ഫലം മറ്റ് മണ്ഡലങ്ങളില്‍ ബാധിക്കില്ല. കേരള കോണ്‍ഗ്രിസേലുപോലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും തരൂര്‍ പറഞ്ഞു.


"പാർലമെന്‍ററി കമ്മിറ്റിയിലും ഇന്‍ഡോറില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടതായുണ്ടായിരുന്നു. രണ്ട് പരിപാടിയും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് മുന്‍പേ തീരുമാനിച്ചതാണ്. കൂടാതെ ഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗക്കേണ്ടതുണ്ട്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് സുഹൃത്ത് മോഹന്‍ കുമാറിന്‍റെ പ്രചരണത്തില്‍ സജീവമായി പങ്കെടുക്കും", തരൂര്‍ പറഞ്ഞു.
 
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് സജീവമല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു.


വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് കെ. മുരളീധരന്‍ ചുക്കാന്‍ പിടിക്കുമെന്നും എല്ലാ നേതാക്കളുമെത്തുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മോഹന്‍ കുമാറിന്‍റെ വിമര്‍ശനം നല്ല ഉദ്ദേശ്യത്തോടെയാണെന്ന്‍ ഡിസിസി നേതൃത്വ൦ വ്യക്തമാക്കിയിരുന്നു.