പാലാ: പാലാ ലിസ്യൂ കാര്‍മലൈറ്റ് കോൺവെന്‍റില്‍ വെച്ച് സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് വര്‍ഷവും ഒമ്പത് മാസവും തടവ് അനുഭവിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണ് വാദം നടന്നത്.


പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്‍റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയില്‍ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിക്കുകയും ചെയ്തിരുന്നു.


പ്രതി കാസര്‍ഗോഡ് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്റ്റംബര്‍ 16ന് അര്‍ധരാത്രി മഠത്തിലെ മുറിയില്‍ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.


അമല കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോര്‍ജ് ബോബനാണ് ഹാജരായത്. നിരവധി കന്യാസ്ത്രീ മഠങ്ങളില്‍ കവര്‍ച്ച നടത്തിയ കേസില്‍ സതീഷ് ബാബു പ്രതിയാണ്. മോഷണവും റിപ്പര്‍ മോഡലില്‍ തലയ്ക്കടിച്ചുള്ള ആക്രമണവും നടത്തിയതിന് പ്രതിക്കെതിരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുകളെടുത്തിരുന്നു. ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങള്‍ക്കുനേരെ രാത്രിയില്‍ നടന്ന ആക്രമണങ്ങളും ഇതില്‍പെടുന്നു.