രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേർക്കാൻ നാല് കത്ത്,പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ഒരുക്കിയത് ദല്ലാൾ- സോളാർ കേസിൽ സിബിഐ
പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ പലപ്പോഴായി ഇവർ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയ്യാറാക്കിയ നാലു കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു
തിരുവനന്തപുരം: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചനയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഗൂഡാലോചന വിവരങ്ങൾ സി.ബി.ഐ നിരത്തുന്നത്.
പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ പലപ്പോഴായി ഇവർ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയ്യാറാക്കിയ നാലു കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ഒരുക്കിയത് വിവാദ ദല്ലാൾ നന്ദകുമാറാണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐയിൽ മൊഴി നൽകി. അതിജീവിത ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ ഉമ്മൻചാണ്ടിയുടെ പേരോ പരാമർശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേർത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
അതിജീവിതയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ കടന്നുവന്ന വിവാദ ദല്ലാളിന് രണ്ട് കത്തുകൾ കൈമാറിയതായി ശരണ്യ മനോജ് മൊഴി നൽകിയതായി സിബിഐ വ്യക്തമാക്കുന്നു. കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ച ദല്ലാൾ സി.ബി.ഐ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഉദ്ദേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി.ജോർജിനോടു ആവശ്യപ്പെട്ടു.
എന്നാൽ, ജോർജ് പീഡനം കണ്ടിരുന്നില്ലെന്നാണ് സി.ബി.ഐക്ക് മൊഴി നൽകിയിരിക്കുന്നത്. നിർണായക വിവരങ്ങൾ സിബിഐയുടെ കണ്ടെത്തലിൽ വന്ന സ്ഥിതിക്ക് നിയമസഭ കൂടി ചേരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദമായി കേസ് കത്തിപ്പടരാനുള്ള സാധ്യതയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...