കോട്ടയം: സോളാര്‍ കമ്മീഷന്‍ പരിധി വിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഞ്ചിക്കപ്പെട്ടവരുടെ പരാതി പരിശോധിക്കാതെ പ്രതികളെ മഹത്വവല്‍ക്കരിക്കുകയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ചെയ്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സോളാര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി ചെയ്തത് ഗുരുതരമായ തെറ്റാണ്. സോളാര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ല. കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് തെളിവായി സ്വീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


സോളാര്‍ കേസ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഇന്നു ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചിരുന്നു. നേതാക്കളെ തേജോവധം ചെയ്യാന്‍ തെരുവിലേക്ക് വിട്ടുകൊടുക്കാനാകില്ലെന്ന് എം.ഐ ഷാനവാസ് വ്യക്തമാക്കി. അതേസമയം, കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.