തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ സമര്‍പ്പിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദമുണ്ടെന്നാണ് കരുതുന്നത്.


വേങ്ങര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് ആരോപണമുയരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍തലം വരെ എത്തിയിരുന്നെങ്കിലും സമയം നീട്ടി നല്‍കാന്‍ സാധിക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്‌.


അതേസമയം പിന്നാക്ക കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്തേക്ക് പോകുന്നതെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. 'നോക്കാം ധൈര്യമായിരിക്ക്' എന്നാണ് അദ്ദേഹം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.


രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളര്‍ കേസില്‍ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടു നാലു വര്‍ഷമാകുന്നു. സംഭവത്തില്‍ സംസ്ഥാന ഖജനാവിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.


സോളര്‍ കേസില്‍ 2013 ഓഗസ്റ്റ് 16 നാണു ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബര്‍ 23 നു ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി തീരുമാനിച്ചു. 28ന് അദ്ദേഹം ചുമതല ഏറ്റു.


കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് കമ്മിഷനെ നിയമിച്ചത്. എന്നാല്‍, പല തവണ കാലാവധി നീട്ടി വാങ്ങിയ കമ്മിഷന്‍ ഇത്തവണ സമയം നീട്ടാന്‍ അപേക്ഷ നല്‍കിയിരുന്നില്ല.