ന്യുഡല്‍ഹി: ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തടവുശിക്ഷയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏഴു വർഷം തടവല്ല, സൗമ്യയെ ബലാത്സംഗം ചെയ്തതിന് ഗോവിന്ദച്ചാമിക്കു ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നിലനിൽക്കുമെന്നു കേസിന്‍റെ വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പറ്റിയ പരാജയം കണക്കിലെടുത്താണ് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കിയത്. നേരത്തേ ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷം തടവാണെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ വിധി പകര്‍പ്പിലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷയെന്ന് വ്യക്തമാക്കുന്നത്.


തലയ്‌ക്കേറ്റ മുറിവാണ് സൗമ്യയുടെ മരണകാരണം. എന്നാൽ, ഇതു ഗോവിന്ദച്ചാമിയുടെ ആക്രമണത്തിലുണ്ടായതാണോ എന്നു പറയാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി മറ്റ് ശിക്ഷകള്‍ നിലനില്‍ക്കുമെന്ന് വിധിച്ചു. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നൽകിയ അപ്പീലിലാണ് വിധി.


ഐപിസി 394, 397 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും, 376ആം വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 447 വകുപ്പ് പ്രകാരം മൂന്ന് മാസം തടവും കോടതി വിധിച്ചു.