തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും കണ്ണട ദൂര്‍ത്ത് ആരോപണം. സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ മെഡിക്കൽ  ഇനത്തിൽ കൈപ്പറ്റിയെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മെഡിക്കല്‍ റീഇംബെഴ്സ്മെന്‍റ് ഇനത്തില്‍ 4,25,594 രൂപയാണ് സ്പീക്കര്‍ കൈപ്പറ്റിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുടെത് വാങ്ങിയതെന്നും സ്പീക്കര്‍ പ്രതികരിച്ചു. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്ത് കൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.  എന്നാല്‍ സാധാരണമായ കാഴ്ച പ്രശ്നങ്ങള്‍ക്ക് ഇത്രയും വിലയുടെ കണ്ണട ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കില്ലെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. 


ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ ചെലവിലെ ധൂര്‍ത്തും, അനാവശ്യ ചെലവുകളും കുറയ്ക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്പീക്കറുടെ കണ്ണടയുടെ വില വിവരം പുറത്ത് വന്നത്. നേരത്തെ  28,800 രൂപയുടെ കണ്ണട വാങ്ങി ആരോഗ്യ മന്ത്രി കെ.കെ ശൈലജയും വിവാദത്തിലായിരുന്നു. ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.