തിരുവനന്തപുരം: സൈബര്‍ ലോകത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രൂക്ഷമാകുന്ന സൈബർ ആക്രമണങ്ങൾ തടയാന്‍ പ്രത്യേക സെല്ലുമായി കേരളാ പോലീസ്. അതിനായി നോഡൽ സൈബർ സെൽ രൂപവത്കരിക്കാനാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കാണ് ഇതിന്‍റെ ചുമതല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബർ പോലീസ് സ്റ്റേഷനാണ് നോഡൽ സൈബർ സെല്ലായി മാറുകയെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നോഡല്‍ സൈബര്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശമുണ്ടായിരുന്നു. 


എല്ലാ സംസ്ഥാനങ്ങളിലും നോഡൽ സൈബർ സെല്ലുകൾ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശമുണ്ടെങ്കിലും ഹനാൻ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിൽ സെൽ രൂപവത്കരിക്കുന്നതെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണങ്ങൾ തടയാൻ കേന്ദ്രീകൃത ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനൽകിയിട്ടുണ്ട്. ഈ പോർട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും നോഡൽ സൈബർ സെൽ പ്രവർത്തിക്കുക.


ഓരോ സംസ്ഥാനത്തെയും സൈബർ പരാതികൾ സംബന്ധിച്ചും ആ പരാതികളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ ഈ പോർട്ടലിൽ ഉണ്ടാകും. കേന്ദ്രീകൃത ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിൽ ലഭിക്കുന്ന പരാതികൾ അന്വേഷിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് കൈമാറാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ പരാതികൾ നോഡൽ സൈബർ സെൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് കൈമാറും.


നോഡൽ സൈബർ സെല്ലിൽ ലഭിക്കുന്ന പരാതികൾ കാണാനും കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാത്രമേ അനുവാദമുണ്ടാകൂ. 155260 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെ നോഡൽ സൈബർ സെല്ലിന് പരാതികൾ കൈമാറാം. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പരാതിക്കാർക്ക് ആവശ്യമായ സാങ്കേതികസഹായം നൽകുകയും പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്യും. സെല്ലിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉടനെ സാങ്കേതികപരിശീലനം നൽകും. 


സെല്ലിന്‍റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ സഹായിക്കാൻ സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ പോലീസ് സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ എന്നിവർക്ക് ചുമതല നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബർവിദഗ്ധൻ അരുൺ ജി. ഭവ്‌നാനിയുടെ സാങ്കേതിക സഹായത്തോടെയാവും നോഡൽ സൈബർ സെൽ പ്രവർത്തിക്കുക.