ന്യുഡൽഹി:   തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ  നിർണായക  വിധി ഇന്ന്. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011 ലെ വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയിലാണ് വിധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഇന്ന് വിധി പറയുന്നത്. ക്ഷേത്രത്തിന്റെ ഉടമസ്ഥത, നടത്തിപ്പ്, രാജകുടുംബങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സുപ്രീംകോടതി വിധി പറയുക. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും. അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ ഹൈക്കോടതി വിധി. 


Also read: പത്മനാഭസ്വാമി ക്ഷേത്രം: സർക്കാർ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കും


ഈ വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2011 മെയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്ത് ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു.


ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നതിനാൽ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും, രാജവാഴ്ച ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങൾ ഇല്ലാതായിട്ടില്ലെന്നുമാണ് രാജ കുടുംബം വാദിച്ചത്. ഹൈക്കോടതിയുടെ വിധി അനുസരിച്ച് ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. 


Also read: ‘ബി’ നിലവറ തുറക്കാനാവില്ല: തിരുവിതാംകൂർ രാജകുടുംബം


ഇതിനിടയിൽ ക്ഷേത്രത്തിന്റെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണമെന്നും, നിധികൾ പ്രദർശിപ്പിക്കാൻ മ്യൂസിയമുണ്ടാക്കണമെന്നുമുള്ള നിർദ്ദേശങ്ങളുമായി ജസ്റ്റിസുമാരായ സി. എൻ. രാമചന്ദ്രൻ നായർ, കെ. സുരേന്ദ്ര മോഹൻ എന്നിവരുടെ ബെഞ്ച് സർക്കാരിന് നൽകിയിരുന്നു.  2019 ഏപ്രിൽ പത്തിന് വാദം പൂർത്തിയാക്കിയ കേസിന്റെ വിധി ഒരു വർഷത്തിന് ശേഷം ഇന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.