കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍  എറണാകുളം-അങ്കമാലി അതിരൂപതാ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്​ മാര്‍ ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. 
എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഭാ ഭൂമിയിടപാടില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കാണിച്ച് ചൊവ്വര സ്വദേശിയായ പാപ്പച്ചനാണ് പരാതി നല്‍കിയത്. കര്‍ദിനാളിന്‌ പുറമേ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരടക്കം 26 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 


എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ ഭൂമിയിടപാടില്‍ പണം ലഭിച്ചെന്ന് കര്‍ദിനാള്‍ അവകാശപ്പെട്ടെങ്കിലും ഈ സമയത്ത് പണം സഭയുടെ അക്കൗണ്ടില്‍ എത്തിയില്ലെന്നാണ്ചൊവ്വര സ്വദേശി പാപ്പച്ചന്‍റെ പരാതി. 


രജിസ്ട്രാര്‍ മുമ്പാകെ തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ വഞ്ചിച്ചു, സഭാ സ്വത്ത് പരിപാലിക്കേണ്ടവര്‍ ഭൂമി വിറ്റുകിട്ടിയ പണം വീതിച്ചെടുത്തു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.  


66 കോടി രൂപയുടെ കട൦ തീര്‍ക്കാനാണ് കൊച്ചിയിലെ അ‌ഞ്ച് ഭൂമികൾ വിൽക്കാൻ സഭ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾക്ക്  സ്ഥലങ്ങൾ മുറിച്ചുവിൽക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായുളള കരാർ.


27 കോടി 30 ലക്ഷം രൂപ സഭക്ക് ലഭിക്കുമെന്നായിരുന്നു  കരാര്‍ എന്നാൽ 9  കോടി 13 ലക്ഷം രൂപ മാത്രമാണ് അതിരൂപതയ്ക്ക് കിട്ടിയത്. ബാക്കി 18 കോടി  17 ലക്ഷം രൂപ ഇടനിലക്കാരൻ നൽകിയില്ല. 


അതിരൂപതയിലെ കാനോനിക സമിതികൾ അറിയാതെയാണ് 36 പേർക്കായി സഭയുടെ ഭൂമി മുറിച്ചുവിറ്റത്. ഭൂമിയിടപാടുകൾക്കുശേഷം അതിരൂപതയുടെ കടം 84 കോടിയായി വർ‍ധിക്കുകയും ചെയ്തു.