എറണാകുളം: അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ വൈദിക സമിതി വത്തിക്കാന് കത്തയച്ചു. ഭൂമിയിടപാടിലെ വൈദിക സമിതിയുടെ കണ്ടെത്തലുകള്‍ ഉള്‍പെടുത്തിയ കത്താണ് വത്തിക്കാനിലേക്ക് അയച്ചത്. വിവാദ വിഷയത്തിലെ നിജസ്ഥിതി മാര്‍പാപ്പയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരാതികളും മാധ്യമ വാര്‍ത്തകളുമാണ് വത്തിക്കാനിലേക്ക് അയച്ചിരിക്കുന്നത്. മാര്‍പ്പാപ്പ പ്രശ്നത്തില്‍ നേരിട്ട് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. മാര്‍പ്പാപ്പയുടെ ചിലി സന്ദര്‍ശനത്തിന് ശേഷം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.


ഭൂമിയിടപാട്  പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ നീക്കം ഒരു വശത്ത് നടക്കുമ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിഷയം മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്താനുളള നീക്കമാണ് എതിര്‍ വശത്ത് ഒരു വിഭാഗം വൈദികര്‍ നടത്തുന്നത്.


ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കാനോനിക സമിതിയാണ് സമിതിയെ നിയോഗിച്ചത്.ഫാ.മാത്യു മണവാളന്‍, ഫാ.ജോസഫ് തെക്കിനീത് എന്നിവരടങ്ങുന്ന സമിതിയില്‍ മൂന്ന് വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .


കാനോനിക സമിതികളും പാസ്റ്ററല്‍ കൗണ്‍സിലും അടക്കം വിളിച്ച്‌ ചേര്‍ത്ത് പ്രശ്ന പരിഹാരം കാണണമെന്ന് സിനഡ് നിയോഗിച്ച മെത്രാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കൊച്ചി, തൃക്കാക്കര, മരട്, കാക്കനാട് എന്നിവിടങ്ങളിലായി കാനോനിക നിയമങ്ങള്‍ ലംഘിച്ചു നടന്ന ഭൂമിയിടപാട് വലിയ നഷ്ടം വരുത്തി വയ്ക്കുക മാത്രമല്ല, ലഭിക്കേണ്ട തുകയില്‍ 9 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുളളതും.


306.98 സെന്റ് ഭൂമി വിറ്റതുവഴി 18.17 രൂപ കോടി ഇനിയും കിട്ടാനുണ്ട്. ഈ തുക തിരിച്ചുപിടിച്ച്‌ പ്രശ്നം പരിഹരിക്കാനാണ് സഭാ നേതൃത്വത്തിന്‍റെ നീക്കം. എന്നാല്‍ സാമ്പത്തിക നഷ്ടം നികത്തിയാലും ധാര്‍മ്മിക പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്.