തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്ത്രിയുടെ നിലപാട് കൂടി കേട്ട ശേഷമാണ് ശബരിമല കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു കൊണ്ട് ആ വിധി നടപ്പാക്കാന്‍ തന്ത്രിക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതുകൊണ്ട് തന്നെ നട അടക്കാന്‍ തന്ത്രിക്ക് കഴിയില്ല. സുപ്രീം കോടതി വിധിയോട് വ്യക്തിപരമായി ചിലപ്പോള്‍ തന്ത്രിക്ക് വിയോജിക്കാം. വ്യക്തി എന്ന നിലയില്‍ അങ്ങനെ വിയോജിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. അങ്ങനെ വിയോജിപ്പുണ്ടങ്കില്‍ ആ സ്ഥാനം ഒഴിയുകയാണ് തന്ത്രി ചെയ്യേണ്ടത്. അല്ലാതെ കോടതി വിധിയുടെ ഭാഗമായി സ്ത്രീകള്‍ ദര്‍ശനം നടത്തുമ്പോള്‍ നട അടച്ചിടുകയല്ല ചെയ്യേണ്ടത്. നട അടക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. അതുകൊണ്ടുതന്നെ തന്ത്രിയുടെ നടപടി പരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എങ്ങനെ സംഘര്‍ഷമുണ്ടാക്കാം എന്നാണ് സംഘപരിവാര്‍ ശ്രമം. അവര്‍ എന്തൊക്കെ അക്രമം കാട്ടി എന്നത് ജനങ്ങളുടെ മനസ്സിലുള്ളതാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. പൊലീസും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചില്ല.


ഇപ്പോള്‍ പ്രവേശിച്ച യുവതികള്‍ നേരത്തേ ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. പല കാരണങ്ങളാല്‍ നടക്കാതെ വന്നപ്പോള്‍ താല്‍ക്കാലികമായി അവര്‍ മടങ്ങിപ്പോയി. കഴിഞ്ഞ ദിവസം അവര്‍ വീണ്ടും പൊലീസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് അവര്‍ക്കു സുരക്ഷ ഒരുക്കി. അവര്‍ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. സാധാരണ ഭക്തര്‍പോകുന്ന വഴിയേ ആണ് പോയത്. അവര്‍ക്കു പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. മറ്റു ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തി. ദര്‍ശനത്തിനുള്ള സൗകര്യം മറ്റു ഭക്തര്‍ ഒരുക്കി കൊടുത്തു. ഒരു എതിര്‍പ്പും ഭക്തരില്‍ നിന്ന് ഉണ്ടായില്ല.


അവര്‍ മടങ്ങിയശേഷമാണ് വിവരം പുറത്തറിഞ്ഞത്. വാര്‍ത്ത പുറത്തുവന്നിട്ടും ഒരു സംഘര്‍ഷവും ഉണ്ടായില്ല. സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല, അയ്യപ്പ ഭക്തരിലില്ല എന്നാണു മനസിലാക്കേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെറുതേയിരിക്കില്ലല്ലോ. യുവതികള്‍ ദര്‍ശനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം ഉണ്ടാകാതെ വന്നപ്പോള്‍, സംഘര്‍ഷം ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ അണികള്‍ക്ക് കൊടുക്കുന്ന നിലയുണ്ടായി. പിന്നീടു നടന്നത് ആസൂത്രിത നീക്കമാണ്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലായാണ് ഇതിനെ മന്ത്രിസഭ കാണുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരു അക്രമവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.