Forest robbery case: മുട്ടിൽമരംമുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
കേസ് വേഗം തീർപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്
കൊച്ചി: മുട്ടിൽ മരം മുറി കേസിലെ (Forest robbery case) പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി (High court) മാറ്റി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് പോകൂവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് തുടരന്വേഷണത്തെ ബാധിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം സർക്കാർ ഉത്തരവ് (Government order) അനുസരിച്ച് മാത്രമാണ് മരം മുറിച്ചതെന്നും ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് തങ്ങളെ വേട്ടയാടുകയാണെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു.
ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു
ഹർജിയിൽ അടുത്ത മാസം വാദം കേട്ടാൽ പോരെ എന്ന് കോടതി ചോദിച്ചു. വേഗം തീർപ്പാക്കണമെന്ന് സർക്കാർ (Kerala Government) ആവശ്യപ്പെട്ടു. ഇതോടെയാണ് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. 600 കോടിയുടെ ഈട്ടി മരങ്ങൾ വയനാട്ടിൽ നിന്ന് മുറിച്ചുകടത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ ഇന്ന് വാദിച്ചു. കടത്തിയത് ആരാണെന്ന് വിശദമായ വാദത്തിൽ പറയാമെന്നും അവർ വ്യക്തമാക്കി.
അതേസമയം, മരംമുറിക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ആദിവാസികളെ കബളിപ്പിച്ച് മരം മുറിച്ചിട്ടും മാഫിയകളെ സഹായിക്കാൻ ആദിവാസികളെ പ്രതി ചേർക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുഖ്യപ്രതികൾക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് വിഡി സതീശൻ ചോദിച്ചു.
മരംമുറിക്കേസ് വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ട് വകുപ്പുകളും കൈകാര്യം ചെയ്തിരുന്ന സിപിഐയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മരംമാഫിയയ്ക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രൻ ശ്രമിക്കുന്നത്. മരം കൊള്ളക്കാരെ മാഫിയ എന്ന് വിളിക്കരുതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും വിഡി സതീശൻ പറഞ്ഞു.
വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരംമുറി നടന്നിട്ടുണ്ട്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ മുഖ്യമന്ത്രി പിണറായി വിജയനും സാധിക്കില്ല. വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം ഇക്കാര്യത്തിൽ നടപടിയെടുത്തുവെന്ന് എങ്ങനെ സർക്കാരിന് പറയാൻ കഴിയും. സർക്കാർ അറിഞ്ഞുകൊണ്ടാണ് വനംകൊള്ള നടന്നിരിക്കുന്നത്. വിവാദമായ ഉത്തരവിൽ യാതൊരു സദുദ്ദേശ്യവും ഇല്ലെന്നും വിഡി സതീശൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...