കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ പത്തിന് മുന്‍പ് സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതായുള്ള റിപ്പോര്‍ട്ടുകളും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. 


കേസിൽ ദിലീപിന്‍റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ ശക്തമാക്കാനാണ് പൊലീസ് നീക്കം. സംഭവം നടന്ന ദിവസം ദിലീപ് രമ്യാ നമ്പീശന്‍റെ വീട്ടിലേക്ക് വിളിച്ചതും തെളിവായി പൊലീസ് സ്വീകരിക്കും.


ക്വട്ടേഷൻ തന്നയാൾ രാവിലെ പത്ത് മണിക്കുള്ളിൽ വിളിക്കുമെന്ന് ആക്രമണ സമയത്ത് പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തിൽ ദിലീപിന്‍റെ വിളി അസ്വാഭാവികമാണെന്ന് പൊലീസ് കരുതുന്നു.


അതേസമയം, അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. അഡ്വ. രാമന്‍പിള്ള വഴിയാണ് ദിലീപ് അഞ്ചാമതും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. 


നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിയമപ്രകാരം തൊണ്ണൂറ് ദിവസം തടവില്‍ കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇക്കാലയളവിന് മുന്‍പ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് വീണ്ടും ജയിലില്‍ തുടരേണ്ടി വരും.