തിരുവനന്തപുരം: വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് അനുകൂല പ്രതികരണവുമായി സംസ്ഥാന മന്ത്രിമാർ. കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി. തോമസും മന്ത്രിസഭാ യോഗത്തിന് എത്തിയത് ബീക്കൺ ലൈറ്റുകൾ മാറ്റിയ കാറുകളിലാണ്. ഇവർക്കു പിന്നാലെ, മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കൺ ലൈറ്റ് കാറിൽ നിന്നും നീക്കം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പേ തന്നെ പല സംസ്ഥാനങ്ങളും അനുകൂല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിന് നിർദേശം നൽകിക്കൊണ്ട് ഉത്തരവിറക്കി. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാർ വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിട്ടുണ്ട്. 


ബീക്കണ്‍ ലൈറ്റുകൾ വി.ഐ.പികളുടെ അധികാര ചിഹ്നത്തിന്‍റെ ഭാഗമായിട്ടാണ് ഉപയോഗിച്ചിരുന്നത്. മന്ത്രിസഭ തീരുമാനം വന്നയുടൻ തന്നെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർ ചുവന്ന ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തിരുന്നു.