ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറിയ്ക്ക് പരിഹാരം കാണുമെന്നും കേരളാ കോൺഗ്രസില്‍ നടക്കുന്ന സീറ്റ് തര്‍ക്കം ഗൗരവമുള്ളതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

എത്രയും വേഗത്തിൽ തര്‍ക്കം അവസാനിപ്പിക്കാൻ പിജെ ജോസഫും കെഎം മാണിയും തയ്യാറാകണം. പ്രശ്ന പരിഹാരം ആദ്യം ഉണ്ടാകേണ്ടത് കേരളാ കോൺഗ്രസിനകത്ത് തന്നെയാണെന്നും ഉമ്മൻ ചാണ്ടി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും. സാധാരണ ഗതിയില്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. പക്ഷെ ഇതൊരു പ്രത്യേക സാഹചര്യമാണ്, അദ്ദേഹം പറഞ്ഞു.  


കേരളത്തിലെത്തിയതിന് ശേഷം കെ.പി.സി.സി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, കോൺഗ്രസ് സീറ്റ് ചര്‍ച്ചകളുടെ ഭാഗമായാണ് ഡല്‍ഹിയില്‍ തുടരുന്നതെന്നും, തിരിച്ചെത്തിയാലുടൻ പ്രശ്നത്തിൽ ഇടപെടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എന്നാല്‍, തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ കാര്യത്തിൽ പഴയ നിലപാട് തന്നെയാണെന്നും ഉമ്മൻ ചാണ്ടി പറ‌ഞ്ഞു. എംഎൽഎ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കേണ്ട കാര്യമില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.