പത്തനംതിട്ട: മുന്‍ എ.ഐ.സി.സി. വക്താവും സോണിയ ഗാന്ധിയുടെ പ്രിയ നേതാവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌ ദേശീയ രാഷ്ട്രീയത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ടോം വടക്കനെ പാര്‍ട്ടിയുടെ ഷാളണിയിച്ചും ബൊക്ക നല്‍കിയും സ്വീകരിച്ചു. തുടര്‍ന്ന് പാര്‍ട്ടി അംഗത്വം നല്‍കി.


മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും പാര്‍ട്ടി അംഗത്വം നേടിയതും. 


അതേസമയം, എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ടോം വടക്കന്‍റെ ചുവടുമാറ്റമെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും, വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സംസ്ഥാനത്ത് അത്ഭുതം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭാവി ആഗ്രഹിക്കുന്നവർ ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും കുമ്മനം പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോഴായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.


തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവായിരുന്നു ടോം വടക്കന്‍. സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നിര്‍ത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍റ് പരിഗണിക്കുന്നത്. ഇതില്‍ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.


ബിജെപിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ്‌ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് നടപടിഎന്നും,  രാജ്യത്തിനെതിരായ നിലപാട് അംഗീകരിക്കില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന കാഴ്‌ച്ചപ്പാട് തന്നെ ആകര്‍ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു എന്നും പറയുകയുണ്ടായി. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാനും ടോം വടക്കന്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്.