തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ നീക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ പരാതിയെ തുടര്‍ന്നാണ് മാറ്റാന്‍ തീരുമാനിച്ചത്. എ.ഡി.ജി.പി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തച്ചങ്കരിക്ക് പകരം നിയമനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.


തച്ചങ്കരി എടുത്ത പല തീരുമാനങ്ങളും സര്‍ക്കാറിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ജന്മദിനത്തിന് ലഡു വിതരണം ചെയ്തതും വിവാദമായിരുന്നു.
മന്ത്രിയും കമ്മീഷണറും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് ശശീന്ദ്രന്‍ കമീഷണറെ മാറ്റണമെന്ന ആവശ്യം അറിയിച്ചത്.   മന്ത്രിയുടെ ആവശ്യത്തിന് പിന്തുണയുമായി എൻ.സി.പിയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന നിലപാടാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ സ്വീകരിച്ചത്.